Monday, November 1, 2010

അര്‍ബുദം



വിധിയുടെ  അര്‍ബുദത്തിനു 
മറവിയുടെ കീമോ 
നിസംഗതയുടെ റേഡിയേഷന്‍......
 ഇപ്പോള്‍ ശരീരം രക്ഷപ്പെട്ടു,....
  മനസ്സ് മരിച്ചു 

Saturday, October 23, 2010

പ്രേമം..... ഭ്രാന്തം

പ്രേമമാണ് ഒരുവനെ കവിയാക്കുന്നത്
 ഭ്രാന്തനും
മറ്റു പലപ്പോഴും ഭ്രാന്തനായ കവിയും
 എന്നെ പോലെ ......

Friday, October 22, 2010

അയ്യപ്പന്‍... നഷ്ടപ്രണയവും,മദ്യവും പകുത്തെടുത്ത ജീവിതം

എന്റെ ശവപ്പെട്ടി ചുമക്കുന്നവരോട്
ഒസ്യത്തിലില്ലാത്ത ഒരു രഹസ്യം പറയാനുണ്ട് 
എന്‍റെ ഹൃദയത്തിന്റെ സ്ഥാനത്ത് ഒരു പൂവുണ്ടായിരിക്കും 
ജിജ്ഞാസയുടെ ദിവസങ്ങളില്‍ 
പ്രേമത്തിന്റെ ആദ്യ തത്വം പറഞ്ഞവളുടെ ഉപഹാരം
മണ്ണു മൂടുന്നതിനുമുമ്പ് ഹൃദയത്തില്‍ നിന്നും ആ പൂ പറിക്കണം
ദളങ്ങള്‍ കൊണ്ട് മുഖം മൂടണം
രേഖകള്‍ മാഞ്ഞ കൈവെള്ളയിലും ഒരു ദളം
പൂവിലൂടെ എനിക്ക് തിരിച്ചു പോകണം 
പൂവിലൂടെ എനിക്ക് തിരിച്ചു പോകണം
മരണത്തിനു തൊട്ടു മുമ്പുള്ള നിമിഷം ഈ സത്യം പറയാന്‍ സമയമില്ലായിരുന്നു
ഒഴിച്ചു തന്ന തണുത്ത വെള്ളത്തിലൂടെ അത് മൃതിയിലേക്കു ഒലിച്ചു പോകണം
ഇല്ലെങ്കില്‍ ഈ ശവപ്പെട്ടി മൂടാതെ പോകും
ഇല്ലെങ്കില്‍ ഈ ശവപ്പെട്ടി മൂടാതെ പോകും
ഇനി എന്‍റെ ചങ്ങാതികള്‍ മരിച്ചവരാണ്‌ 
ശ്രീ അയ്യപ്പന്‍റെ ഒരു കവിത 

അയ്യപ്പന്‍... നഷ്ടപ്രണയവും,മദ്യവും പകുത്തെടുത്ത
 ഒരു ജീവിതം..... 
മറ്റുള്ളവര്‍ ഭ്രാന്തനെന്നു വിളിയ്ക്കാതിരിക്കാന്‍ 
മദ്യത്തിന്റെ മൂടുപടമണിഞ്ഞും
അതു മാറ്റാതെയതിന്‍  സുതാര്യതയില്‍ 
ലോകത്തെയറിഞ്ഞും ..
മരണത്തെ ദിവസവും വരുന്ന ഒരു പാല്‍ക്കാരനെ പോലെയോ പത്രക്കാരനെ പോലെയോ 
കാത്തു നിന്നു , ജീവിതത്തിന്റെ ബലിച്ചോറും വെച്ച് 
മരണമെന്ന കാക്കയെ എന്നും കൈകൊട്ടി ക്ഷണിച്ചു കൊണ്ട്  ജീവിച്ച ഒരാള്‍ ....
അതായിരുന്നില്ലേ നമ്മെ പിരിഞ്ഞ ഈ  അയ്യപ്പന്‍?





Wednesday, October 13, 2010

പാഴ്ശ്രമം

വേര്‍പിരിയും നേരം നീ എന്നോട് പറഞ്ഞതെന്താണ്?
മറക്കാന്‍ ശ്രമിക്കണമെന്ന്?
നിന്നെ മറക്കാന്‍ ശ്രമിക്കുന്ന ഓരോ നിമിഷവും 
നിന്നെ ഓര്‍മിക്കലാണെന്ന് നീ തിരിച്ചറിയുന്നില്ലേ?

Saturday, July 10, 2010

കഴുത

കൃത്രിമമായ ഒരു ധൈര്യത്തിന്‍റെ കഴുതപ്പുറത്തിരുന്നാണ് ഞാന്‍ ജീവിത യാത്ര നടത്തുന്നത്.

അതൊരു പടക്കുതിരയാണെന്ന് ഞാനെന്‍റെ മനസ്സിനെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കാറുണ്ട്.
മനസ്സു സത്യം തിരിച്ചറിയുമ്പോള്‍ കഴുത മരിക്കും.. എന്‍റെ യാത്ര പാതി വഴിയില്‍ അവസാനിക്കും 

Sunday, May 23, 2010

സ്വപ്‌നങ്ങള്‍

എന്‍റെ സ്വപ്നങ്ങള്‍ ഒന്നും സാത്സാക്ഷരിയ്ക്കപ്പെട്ടില്ല 
അതുകൊണ്ട് 
സാത്സാക്ഷരിയ്ക്കപ്പെട്ടവയെല്ലാം ഞാനെന്റെ സ്വപ്നങ്ങളാക്കി
 

Sunday, May 16, 2010

വേശ്യ ....

എനിയ്ക്ക് ഏകാന്തതയെ പേടിയാണ്
ഒറ്റയ്ക്കിരിയ്ക്കുമ്പോള്‍ മരണം വേശ്യയെപ്പോലെ എന്നെ 
വശീകരിയ്ക്കാന്‍ ശ്രമിയ്ക്കുന്നു.....
ഗാഡമായി  പുണര്‍ന്നു  സ്നേഹം പകര്‍ന്നെന്നെയുറക്കാമെന്ന്  
വാക്കു തരാറുമുണ്ട്,ആരോടു ഞാന്‍ ചോദിയ്ക്കും അത് ശെരിയാണോ എന്ന്?
അവളുറക്കിയുണര്‍ന്നവരെ  ഞാന്‍ കണ്ടിട്ടേ ഇല്ല.....

Wednesday, April 28, 2010

കളിപ്പാവ



നീ എന്നെ കണ്ടെത്തുമ്പോള്‍ ഞാന്‍ കടല്‍ത്തീരത്തുപേക്ഷിയ്ക്കപ്പെട്ട

ഒരു പാവയായിരുന്നു,നിന്‍റെ സ്നേഹവാല്സല്യങ്ങളില്‍ എനിയ്ക്ക് ജീവന്‍ മുളച്ചു. നീ എന്നെ മാറോടു ചേര്‍ത്ത് കിടന്നുറങ്ങി.
ഇപ്പോള്‍ നീ വളര്‍ന്നിരിയ്ക്കുന്നു,ഞാന്‍ നിന്‍റെ മുറിയുടെ ഒരു മൂലയിലുപേക്ഷിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ഇനി നിനക്കെന്നെ പഴയ കടല്‍ തീരത്തേയ്കെടുത്തെറിയാം....
പക്ഷെ അതിനു മുമ്പ് നീ എനിയ്ക്ക് ഭിക്ഷയേകിയ ജീവന്‍ തിരിച്ചെടുത്തുകൊള്‍ക

Saturday, April 24, 2010

ശരശയ്യ

നാമേവരും കൊതിയ്ക്കും  മരണം, ശയ്യയിലുറക്കത്തില്‍
പക്ഷേയിവിടെ ഞാനുറക്കം  വെടിഞ്ഞു കിടക്കുന്നു
ഉറ്റവര്‍ തീര്‍ത്തതാമീ കൂരമ്പിന്‍  ശരശയ്യയില്‍
തനുവില്‍ വേദനയില്ലെനിയ്ക്ക് തെല്ലു-
മെങ്കിലും ഹൃദയം തപിയ്ക്കുന്നിതോര്‍ക്കിലീ-
യമ്പുകളെല്ലാമയച്ചവനെനിക്കേറ്റം പ്രിയങ്കരന്‍,അര്‍ജുനന്‍

Friday, April 23, 2010

മലയാളീ നീ ക്രൂരനാണ്.... srinath actor suicide

ഒരു മലയാള സിനിമ നടന്‍ കൂടി ആത്മഹത്യ ചെയ്തു, ഈ ആഴ്ചയിലെ രണ്ടാമത്തെ ആത്മഹത്യ മലയാള സിനിമയില്‍...പക്ഷെ മലയാളിയ്ക്കിത് ആഹ്ലാദത്തിന്‍റെ  വിഷുക്കാലം..
ഉയര്‍ന്ന തുക നല്‍കി,വിയര്‍പ്പൊഴുക്കാതെ  മലയാളത്തിന്‍റെ മഹാതാര സംഗമം കാണാനുള്ള സുവര്‍ണാവസരം..നടന്‍ ആത്മഹത്യ ചെയ്ത ലോട്ജ് മുറിയുടെ പുറത്തോ , ശവ ശരീരം കൊണ്ട്ടുവന്ന ആശുപത്രിയുടെയോ,മോര്‍ച്ചറിയുടെയോ അരികു പറ്റിയോ  തുറന്ന മൊബൈല്‍ ഫോണ്‍ കാമറകളുമായി വെറുതെ നിന്നാല്‍ മതി.                 നീരണിഞ്ഞ കണ്ണുകളുമായി മഹാ നടന്മാരെത്തിയപ്പോഴും മലയാളി ആര്‍പ്പു വിളികളോടെയാണ് അവരെ വരവേറ്റത്...മോഹന്‍ലാല്‍ ഫാന്‍സും മമ്മൂട്ടി ഫാന്‍സും മത്സരിച്ചു ജയ് വിളിച്ചു.    ആ കാഴ്ചകള്‍ ടിവിയില്‍ കണ്ടപ്പോള്‍ എനിയ്ക്ക് എന്നോടുതന്നെ വെറുപ്പുതോന്നി.കാലം മാറിയതിനനുസരിച്ചു മലയാളിയും മാറിയിരിയ്ക്കുന്നു.മറ്റുള്ളവരുടെ ദുഖം പോലും ആഘോഷിക്കുന്ന തലത്തിലേയ്ക്ക് അവന്‍ തരം താണിരിയ്ക്കുന്നു.ഇതില്‍ ആര്‍ക്കു നഷ്ടം സംഭവിച്ചിരിയ്ക്കുന്നു? ശ്രീനാഥിനോ?ഒമ്പത് വയസ്സുകാരന്‍ മകനോ?ഭാര്യ ലതയ്ക്കോ?രണ്ടാം ഭര്‍ത്താവും കുഞ്ഞുങ്ങളുമായി ദുബായില്‍ സസുഖം വാഴുന്ന മുന്‍ ഭാര്യ ശാന്തികൃഷ്ണയ്ക്കോ? അതോ മനസാക്ഷി നഷ്ടപ്പെട്ട ഞാനടക്കമുള്ള മലയാളികള്‍ക്കോ?




അന്ധന്റെ പുറംകാഴ്ചകള്‍

പുറംകാഴ്ചകള്‍ കണ്ടു മടുത്ത എനിയ്ക്കീ
കണ്ണുകള്‍ കരയാനുള്ളവ മാത്രമാണ്
 അന്ധനായ്‌ കഴിയുവാനിനിയെനിക്കിഷ്ടം  
വേണ്ട കാഴ്ച്ചയെനിയ്ക്ക്തിരികെ വേണ്ട
എനിയ്ക്കിനി കരയാന്‍ വയ്യ........
 

Wednesday, April 21, 2010

തുറന്ന പുസ്തകം

ഞാന്‍ ഒരു  തുറന്ന പുസ്തകം
പക്ഷേ അതിന്‍ താളുകളെല്ലാം
 ചിതലരിച്ചിരിയ്ക്കുന്നു
ഇപ്പോള്‍ ഞാന്‍  വെറും പുറംചട്ട മാത്രമുള്ള 
ഒരു തുറന്ന പുസ്തകം 

കടലിനു കഴുകാന്‍ കഴിയാത്തത്



  ഏകനായ് കടല്‍തീരത്തിരുന്നു ഞാനെന്‍
 ദുഃഖങ്ങള്‍ കഴുകിക്കളയാന്‍   ശ്രമിയ്ക്കിലും 
അവശേഷിപ്പൂ നിന്‍  ഓര്‍മ്മതന്‍ ഉപ്പുരസം 
ചൊല്ലൂ...പ്രിയേ  ഞാനിനി എന്ത് ചെയ്യണം,

Thursday, April 15, 2010

വിന്നൈ താണ്ടി വരുവായാ.....ഹൃദയസ്പര്‍ശിയായ ഒരു ചിത്രം

രു സിനിമ കാണുക ..അതിന്റെ ഹാങ്ങ്‌ ഓവര്‍ ആഴ്ചകളോളം,മാസങ്ങളോളം നിലനില്‍ക്കുക,ഒരു സംവിധായകന്റെ അപൂര്‍വ്വ   വിജയമാണിത്.
സംവിധായകന്റെ ജീവിതത്തിലെ യഥാര്‍ത്ഥ സംഭവങ്ങള്‍ കൂട്ടിയിണക്കി കുറച്ചധികം ഭാവനയും കൂടിയിനക്കി എടുത്തതാണത്രെ ഈ ചിത്രം..
സ്വന്തം ഇഗോ കൊണ്ട് വേര്‍പെടുത്തപെട്ട രണ്ടു കമിതാക്കളുടെ കഥ. ഒരു സ്ത്രീയ്ക്കും പുരുഷനും പല  കാര്യങ്ങള്‍ക്കും ക്ഷമയുണ്ടാകുമ്പോള്‍ പ്രേമത്തിന്റെ കാര്യത്തില്‍ മാത്രം അത് ഉണ്ടാകാത്തതെന്താണ്?  പ്രേമിച്ചു മടുക്കുമ്പോള്‍ പിരിയാനായി ഓരോ കാരണങ്ങള്‍ കണ്ടെത്തുകയാണോ?ഒരു ഇന്‍ഷുറന്‍സ് പോളിസി എടുത്താല്‍ പോലും പല വര്‍ഷങ്ങള്‍ കഴിയണം അതിന്റെ ഫലം അനുഭവിച്ചു തുടങ്ങാന്‍. സ്നേഹം ഒരു ഫികസട്   ഡിപോസിറ് പോലെയാണ്.ആദ്യം  നാം കുറച്ചു സ്നേഹം  ഇന്‍വെസ്റ്റ്‌ ചെയ്യണം,പിന്നെ അതിന്റെ ഫലത്തിനായി കാത്ത്     നില്‍ക്കണം.ആരെങ്കിലും ഒരു ചെടി നട്ടു കഴിഞ്ഞാല്‍ ഓരോ പ്രാവശ്യവും അതിനു വേര് വന്നോ വന്നോ എന്നെടുത്ത് നോക്കാറുണ്ടോ? അത് പോലെയാണ് സ്നേഹവും....ഒരിയ്ക്കല്‍ നട്ടാല്‍ അത് വളരുന്നത്‌ വരെ പൂവ്വായ്‌,കായായ് വരാന്‍  ക്ഷമയോടെ കാത്തു നില്‍ക്കണം.അവര്‍ക്ക് കുറച്ചു കഴിഞ്ഞാണെങ്കിലും സ്നേഹവും സന്തോഷവും ജീവിതത്തില്‍ കൈവരും.....


Wednesday, April 14, 2010

ഞാന്‍ കൈകള്‍ നഷ്ടപ്പെട്ടവന്‍

ഞാന്‍ കൈകള്‍ നഷ്ടപ്പെട്ടവനാണ്‌ ..
എന്നെ സ്നേഹിയ്ക്കുന്നവരെ കെട്ടിപ്പിടിക്കാനോ 
കരയുന്നവരുടെ കണ്ണീരോപ്പാനോ
ഞാന്‍  അശക്തന്‍..
എനിയ്ക്ക് കൈകള്‍ ഉണ്ടായിരുന്നെങ്കില്‍ 
മാറുപിളര്‍ന്നു ഞാന്‍ കാണിച്ചേനെ 
എന്‍റെ ഹൃദയത്തില്‍ നീ മാത്രമാണെന്ന് ...

വിഷു ഇപ്പോള്‍ വെറും ബാല്യകാലസ്മരണകള്‍ മാത്രം ...

ഒരു വിഷു കൂടി കടന്നു വരുന്നു...
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി എനിക്ക് വിഷുവില്ല,വിഷു സന്തോഷമാണ്..ഉത്സാഹത്തിമിര്‍പ്പാണ് ഇപ്പോള്‍ അത് എനിയ്ക്ക് ഭൂതകാലത്തെ മനോഹര സ്വപ്നം മാത്രമാണ് . കഴിഞ്ഞ പലവിഷു ദിനങ്ങളും എനിക്ക് ഒളിച്ചോടലുകളാണ്.

ഹിമലയസാനുക്കളില്‍ ...പിന്നെ ഭാരതത്തിന്റെ മങ്ങിയ മരുപ്രദേശങ്ങളില്‍ ഓണം കേറ മൂലകള്‍ എന്ന് നമ്മള്‍ വിശേഷിപ്പിക്കുന്നത് പോലെ വിഷു കേറ മൂലകളില്‍    ....
കഴിഞ്ഞുപോയ  രണ്ടു മൂന്നു വര്‍ഷങ്ങള്‍ എനിക്ക് പ്രതീക്ഷയുടെതായിരുന്നു..അവളുമായി മനസ്സില്‍ ഞാന്‍ വിഷു ദിനങ്ങള്‍ ആസ്വദിച്ചു...അവള്‍ ഇന്ന് വല്ലാതെ അകന്നു പോയിരിക്കുന്നു..എന്‍റെ സ്വപ്‌നങ്ങള്‍ ഇപ്പോള്‍  വിഷുക്കണി വെച്ച് വാടിക്കൊഴിഞ്ഞ കനിക്കൊന്നകള്‍മാത്രം   .ഇതു വായിക്കുന്നെങ്കില്‍ പ്രിയേ നീ ഒന്നറിയൂ.....എന്‍റെ വിഷുക്കണി നീ മാത്രമാണ്... നീ വിഷുസദ്യ നുണയുമ്പോള്‍ ഒന്നോര്‍ക്കുക..
ഞാന്‍ വിഷുവിനു എരിവയറോടെ നിന്നെ സ്വപ്നം കാണുകയാണ്..കാത്തിരിക്കുകയാണ്

Tuesday, April 13, 2010

ജീവിതം വില്ലനായപ്പോള്‍ ...santhosh jogi


ഇന്നത്തെ മനോരമ പത്രത്തിന്റെ ഉള്ളിലൊരു കോണില്‍ ചിരിച്ച മുഖമുള്ള ആ വില്ലന്റെ ഫോട്ടോ  കണ്ടപ്പോള്‍ അറിയാതെ മനസ്സുവിങ്ങി.ചിരിയ്ക്കുന്ന  ചിത്രത്തിന് താഴെ കരയിപ്പിക്കുന്ന ഒരു വാര്‍ത്ത‍.. സന്തോഷ്‌ ജോഗിയുടെ ആത്മഹത്യ..അരങ്ങില്‍ വില്ലനായി അഭിനയിക്കുന്ന നടന് ജീവിതത്തില്‍ ചാര്‍ത്തിക്കിട്ടിയ വില്ലന്‍  പരിവേഷം താങ്ങാന്‍ കഴിയാതെ ആയിരുന്നിരിയ്ക്കണം അയാള്‍ മരണത്തിന് സ്വയം ബലി കൊടുത്തത്.ആരും ജീവിതം ആസ്വദിച്ച് മതിയായി മരണത്തിനു വാതില്‍ തുറന്നു കൊടുക്കാറില്ല...ജീവിതം മതിയാകാതെ ജീവിതത്തില്‍ ഇനിയും ദുരന്തങ്ങള്‍ ഏറ്റു വാങ്ങാന്‍ കെല്പില്ലാതെ മനസ്സില്ല മനസ്സോടെ ഒരു പരാജിതന്റെ കീഴടങ്ങല്‍ മാത്രമായിരിയ്ക്കാം അത്.
കീര്‍ത്തിചക്രയിലെ  രാജ്യത്തിനു സ്വന്തം ജീവന്‍ ബലിയര്‍പ്പിക്കുന്ന  പട്ടാളക്കാരന്‍ ജീവിതത്തില്‍ നിശബ്ദമായി മരണത്തിനു കീഴടങ്ങി...
ഭാര്യയും  മക്കളുമുള്ള ഒരു കുടുംബനാഥനായിരുന്നു മരിക്കുമ്പോള്‍ അയാള്‍ ..ഒരു പക്ഷെ സ്വന്തം അവകാശങ്ങള്‍  നിഷേധിക്കപ്പെട്ട ഒരു അച്ഛന്‍...അയാളെ  മരണത്തിനു കീഴടങ്ങാന്‍ പ്രത്യക്ഷമായോ  പരോക്ഷമായോപ്രേരിപ്പിച്ച വ്യക്തികള്‍ ചെറിയ വിട്ടു വീഴ്ചകള്‍ ചെയ്തിരുന്നെങ്കില്‍ ഇതൊഴിവാക്കാമായിരുന്നു എന്നെനിക്കു തോന്നുന്നു."സോറി" എന്ന ഒരു വാക്കിനോ.."ഞാന്‍ എല്ലാം ക്ഷമിച്ചിരിക്കുന്നു"..എന്നാ ഒരു മാപ്പ് കൊടുക്കലിനോ അല്‍ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞേനെ!
മറ്റാരേയും  പോലെ  കാലം അയാളെയും നമ്മുടെ സ്മൃതി പഥങ്ങളില്‍ നിന്നും മായ്ച്ചു കളയും...പക്ഷെ അയാളെ ആത്മാര്‍ഥമായി സ്നേഹിച്ചിരുന്നവര്‍ക്ക് അയാള്‍ തീരാ നൊമ്പരമായി അവശേഷിക്കും...

മെയ്‌  ഹിസ്‌ സോള്‍ റസ്റ്റ്‌ ഇന്‍ പീസ്‌...
 

നമുക്കും ഇതു പോലെ സ്നേഹിച്ചൂടെ?


അടുത്തിടെ കണ്ട ഒരു യുട്യൂബ് വീഡിയോ ആണ് എന്നെ ഇതെഴുതാന്‍ പ്രേരിപ്പിച്ചത്.മനുഷ്യന്‍ മൃഗമാകുന്നതാണോ മൃഗം മനുഷ്യനകുന്നതാണോ അഭികാമ്യം?
നമ്മള്‍ പലപ്പോഴും പറയും അവന്‍ ഒരു മൃഗമാണെന്ന്...പക്ഷെ അത് തീര്‍ച്ചയായും മൃഗങ്ങളെ അപമാനിക്കുന്നതാണ്. മനുഷ്യന്‍ പ്രവചനാതീതനാണ് ...അവന്‍ എങ്ങനെയും പ്രവര്‍ത്തിക്കും,നന്ദികേടുകാണിയ്ക്കാന്‍ യാതൊരു മടിയും ഇല്ല.മറ്റുള്ളവര്‍ ചെയ്ത ഉപകാരങ്ങളെല്ലാം ഒരു ഉച്ചയുറക്കത്തില്‍ മറന്നെണീക്കാന്‍ മനുഷ്യന് മാത്രമേ  കഴിയൂ.പാലുകൊടുത്ത കൈക്ക് പാമ്പ് കടിക്കില്ല പക്ഷെ മനുഷന്‍ കടിക്കും.ചെറുപ്രായത്തില്‍ അമ്മയുപേക്ഷിക്കപ്പെട്ട ഒരു സിംഹക്കുഞ്ഞിനു താങ്ങും തണലുമായിരുന്നവരെ കൊന്നു ചോരകുടിക്കാന്‍ അവന്‍ എത്ര വലുതായാലും തുനിയില്ല..

ഈ വീഡിയോ കാണൂ
എന്നിട്ട് പറയു ഞാന്‍ പറഞ്ഞത് തെറ്റാണോ എന്ന് !!!!
http://www.youtube.com/watch?v=zVNTdWbVBgc&feature=related

Monday, April 12, 2010

ആത്മഗതന്റെ ആദ്യ സുഹൃത്ത്‌

ആത്മഗതന്റെ ജനനത്തെക്കുറിച്ച് പറഞ്ഞ ശേഷം മറ്റു പലതും പറഞ്ഞു കാടുകയറിപ്പോയി എന്നെനിക്കറിയാം,
ജീവിതമല്ലേ... ആകസ്മികമായ സംഭവങ്ങള്‍ നമ്മെ അങ്ങനെ ചെയ്യിക്കും.എങ്കിലും നമുക്ക് തിരിച്ചു പോകാം..
പല്ലില്ലാത്ത മോണ മറ്റുള്ളവരെ കാട്ടി രസിപ്പിയ്ക്കലായിരുന്നു അന്ന്  എനിക്ക് ആകെയുള്ള പണി!! ആഴ്ചകള്‍ പ്രായമുള്ള കുഞ്ഞില്‍ നിന്നും മറ്റെന്തു പ്രതീക്ഷിക്കാം? കൈകാലുകള്‍ വായുവില്‍ ഉയര്‍ത്തി പിടിച്ചും ചുഴറ്റിയും സമയം കളഞ്ഞിരുന്ന,   മനസ്സിലും ശരീരത്തിലും  ഒന്നും മറച്ചു വയ്ക്കാനില്ലാത്ത  നിഷ്കളങ്കമായ ആ ശൈശവ കാലം.അന്നെനിയ്ക്ക് ആകെയുണ്ടായിരുന്ന  സുഹൃത്ത്‌ ഒരു പൂച്ചയായിരുന്നത്രേ!!ഒരു ബ്ലാക്ക്‌ & വൈറ്റ് പൂച്ച( എന്‍റെ ഏറ്റവും ആദ്യത്തെ ഫോട്ടോ അവനുമൊത്താണ്,അതില്‍ ഞാനും, അവനും, പ്രകൃതിയും, ലോകവും എല്ലാം ബ്ലാക്ക്‌ & വൈറ്റ്  തന്നെ) . അവനോട്‌ ഞാന്‍ അങ്ങോട്ട്‌ ഇഷ്ടം കൂടാന്‍ പോയതല്ല,എന്‍റെ തൊട്ടിലിലെ ചൂടോ,തണുപ്പോ അതോ എന്‍റെ അമ്മ എനിയ്ക്ക് തന്നിരുന്ന സ്നേഹവാത്സല്യങ്ങളോ എന്നോട് പങ്കിടാന്‍ കേറിക്കൂടിയതായിരിക്കണം.മൃഗങ്ങള്‍ അങ്ങനെയാണ്...കുറച്ചു സ്നേഹം  അവര്‍ നമ്മോടു പിടിച്ചു വാങ്ങും...എന്നിട്ട് മുതലും പലിശയുമായി തിരിച്ചു തരും നമ്മള്‍ ചോദിക്കാതെ തന്നെ..മനുഷ്യരോ?അവര്‍ ജീവിതം മുഴുവന്‍ സ്നേഹം പിടിച്ചു പറിച്ചു കൊണ്ടേയിരിയ്ക്കും...എന്നിട്ടും ജീവിതാവസാനം വരെ പുലമ്പിക്കൊണ്ടിരിക്കും എനിയ്ക്ക് ആരും സ്നേഹം തന്നില്ല,തന്നില്ല എന്ന്
വര്‍ഷങ്ങള്‍ കഴിഞ്ഞില്ലേ....പഴയതൊക്കെ ഓര്‍മിചെടുക്കാന്‍ ഭയങ്കര ബുദ്ധിമുട്ട്....
എന്‍റെ ഓര്‍മ്മകള്‍ എന്നെ  അനുഗ്രഹിയ്ക്കുന്നതനുസരിച്ചു ഞാന്‍ എഴുതിക്കൊണ്ടേയിരിക്കാം

ഒരു കത്ത്...നീ ദിവസവും വായിക്കേണ്ടാതിനായി


 എന്‍റെ പ്രിയപ്പെട്ടവളെ,
സ്നേഹിയ്ക്കുന്നവര്‍ ഒരു കണക്കു വെച്ചില്ലെങ്കിലും,സ്നേഹിയ്ക്കപ്പെടുന്നവര്‍ എല്ലാറ്റിനും ഒരു കണക്കു വെയ്ക്കുന്നത് നന്നായിരിയ്ക്കുമെന്നു തോന്നിയതുകൊണ്ടാണ് ഇതെഴുതുന്നത്...
കാലക്രമേണ നീ  നിന്‍റെ വിളികളും മെയിലുകളും ഒഴിവാക്കുമെന്ന് ഒരു സംശയം നിലനില്‍ക്കുന്നതിനാല്‍ ഞാന്‍ ഈ ബ്ലോഗിന്റെ സഹായം തേടട്ടെ..
ഷാജഹാന്‍ മുംതാസിനു പണിയിച്ച താജ് മഹല്‍ പോലെ കാലത്തിന്റെ ചക്രങ്ങളുരുണ്ട് ചതയാത്തകുറേ വാക്കുകള്‍ ഞാന്‍ നിനക്ക് സമര്‍പ്പിയ്ക്കുന്നു.
കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് നാം തമ്മില്‍ പരിചയപ്പെടുമ്പോള്‍ നീ നിറമുള്ള ലോകം കണ്ടിരുന്നത്‌ ഇന്റെര്‍നെറ്റിന്റെ കിളിവാതില്‍ തുറന്നു വെച്ചുകൊണ്ടായിരുന്നു.നിന്‍റെ ആ കാഴ്ച്ചകളില്‍ അപകടം പതിയിരുന്നിരുന്നു.കാമ പൂരണത്തിനായി കുറെ ചെന്നായ്ക്കള്‍ ആട്ടിന്‍ തോലണിഞ്ഞു നടക്കുന്ന ഒരു ലോകം..മാന്യതയുടെ മുഖാവരണം അണിഞ്ഞു ചുറ്റിത്തിരിയുന്നവരുടെ അപകടം പിടിച്ച ആ ലോകത്തിലെയ്ക്കാണ്  നീ ഉറ്റു നോക്കിക്കൊണ്ടിരുന്നത്.അന്ന് ഞാന്‍ നിന്നെ കണ്ടുമുട്ടുമ്പോള്‍ നിനക്കെല്ലാ വരുമുണ്ടായിട്ടും ആരുമില്ലത്തവളായിരുന്നു.നീ നിന്റെ തിക്താനുഭവങ്ങള്‍ പറഞ്ഞു വിലപിച്ചപ്പോള്‍ നിന്റെ കൂടെ ഞാനും കരഞ്ഞു.ജീവന്റെ ജീവനായി കരുതിയിരുന്ന കാമുകന്‍ നിന്നെ ചതിച്ചപ്പോള്‍  എന്തു മാത്രം വേദന സഹിച്ചിരിയ്ക്കും  അന്ന് നീ?    
നീ അവനു കൊടുത്തതൊന്നും അവനു മതിയാകതെയോ,അതോ അവള്‍ കൊടുക്കുന്ന പലതും നിനക്ക് കൊടുക്കാന്‍ കഴിയില്ലെന്നുമോ  മറ്റും  തോന്നിയപ്പോള്‍ നിനക്ക് നിന്നോട് തന്നെ അവഞ്ജ തോന്നിയില്ലേ അവനെപ്പോലെ ഒരുവനെ ആത്മാര്‍ത്ഥമായി സ്നേഹിച്ചതിന്?
നിന്നെ എനിക്ക് കിട്ടിയപ്പോള്‍ ഞാന്‍ ആശ്വസിച്ചു....സന്തോഷിച്ചു!!!!
നിന്നെപോലെ സ്നേഹത്തിന്റെ വിലയറിയുന്ന ഒരാളെ എനിക്ക് കിട്ടിയതിനു
പക്ഷേ നിനക്കെന്നെ എത്ര പെട്ടെന്നാണ്  വേണ്ടാതായത്‌
അതിന്റെ കാരണം ഞാന്‍ തിരഞ്ഞു കൊണ്ടേയിരിയ്ക്കുന്നു.
ഒരിയ്ക്കല്‍ കണ്ടെത്തുമെന്ന പ്രതീക്ഷയോടെ ....

Sunday, April 11, 2010

ചതിയാണ് ജീവിതം

ചതിയാണ് ജീവിതം......
ഓരോ ദിവസവും മരണത്തെ ചതിച്ചു കൊണ്ട് മുന്നേറുന്നതിനെയല്ലേ ഈ ജീവിതമെന്ന് വിളിയ്ക്കുന്നത്?

തെറ്റിദ്ധരിയ്ക്കുന്നവരും, തെറ്റിദ്ധരിയ്ക്കപ്പെടുന്നവരും

തെറ്റിദ്ധരിയ്ക്കുന്നവര്‍ ബധിരരും തെറ്റിദ്ധരിയ്ക്കപ്പെടുന്നവര്‍ മൂകരുമാണ്
തെറ്റിദ്ധരിയ്ക്കപ്പെടുന്നവര്‍ കാര്യങ്ങളുടെ യഥാര്‍ത്ഥ സ്ഥിതി പറഞ്ഞറിയിക്കാന്‍
എങ്ങിനെയോക്കെ ശ്രമിച്ചാലും തെറ്റിദ്ധരിയ്ക്കുന്നവര്‍ അത് മനസ്സിലാക്കാന്‍ ശ്രമിയ്ക്കുകയെ ഇല്ല

Saturday, April 10, 2010

ആത്മഗതന്‍ ജനിക്കുന്നു ,,ദൈവത്തിന്റെ ഒരു നേരമ്പോക്ക്

 എന്‍റെ പേര്‍ രാമന്‍ എന്നോ കൃഷ്ണന്‍  എന്നോ എനിക്ക് വേണമെങ്കില്‍ പറയാം ....നിങ്ങള്‍ക്കായി നിങ്ങളിലോരളായി എന്‍റെ കഥ പറയാന്‍ ഞാന്‍ എന്നെ  ആത്മഗതന്‍  എന്ന് വിളിയ്ക്കട്ടെ.......

ഒരാള്‍ക്കും തന്റെ ജീവിതത്തിന്റെ ആദ്യ ദിവസം ഓര്‍മയിലിരിയ്ക്കില്ല.....എനിക്കും അങ്ങിനെ തന്നെ ...

പക്ഷേ എന്റേത് അങ്ങനെയല്ലെന്നു വിശ്വസിക്കാന്‍ എനിക്ക് തോന്നുന്നു....
കടല്‍ പോലെ പരന്നു കിടക്കുന്ന ആകാശത്തെ മലര്‍ന്നു കിടന്നു  കൊണ്ട്  നിര്‍ന്നിമേഷനായി നോക്കുന്ന ഞാന്‍....ഒരു മണല്‍ ത്തിട്ടയില്‍,  അതും തണുപ്പുള്ള നിലാവില്‍ ...പൂര്‍ണ്ണ ചന്ദ്രനും...കൂടെ കുറെ നക്ഷത്രങ്ങളും
അക്ഷരങ്ങളറിയാത്ത ഞാന്‍ മനസ്സില്‍ കവിത രചിച്ചു...എനിക്ക് മാത്രമായി..അതിനിടയില്‍ പലപ്പോഴും ഞാന്‍ എന്‍റെ പൂര്‍വ്വ ജന്മത്തെക്കുറിച്ച്     ചികഞ്ഞെടുക്കാന്‍ ശ്രമിച്ചു......ആ ശ്രമം ശ്രമമായി തന്നെ അവശേഷിച്ചു .,

സ്വകാര്യ ആശുപത്രിയിലെ മടുപ്പിക്കുന്ന മണത്തില്‍ നിന്നെനിയ്ക്ക് എപ്പോഴാണ് മോചനം ലഭിച്ചതെന്ന്‍  ഓര്‍മ വരുന്നില്ല...  എന്നാലും അച്ഛന്റെ ജോലി സ്ഥലമായ തമിഴ് നാട്ടില്ലെ കൊച്ചു ഗ്രാമത്തിലെ വരണ്ട കാറ്റിന് ഒരു പ്രത്യേക സുഖമുണ്ടായിരുന്നു.ദിവസങ്ങള്‍ പ്രായമുള്ള ഞാന്‍..... വരും നാളുകളിലെ കൊടുങ്കാറ്റുതാങ്ങുവാനുള്ള ശക്തിയാര്‍ജ്ജിച്ചത്  ചിലപ്പോള്‍ അവിടെ നിന്നാകാം....

Friday, April 9, 2010

നിന്‍റെ സ്വരം എനിയ്ക്ക് ആശ്വാസമാണ് ...ജീവശ്വാസമാണ്

ഓരോ തവണയും ഞാന്‍ എന്‍റെ മോബിലിലെയ്ക്ക് നോക്കി കൊതിയോടെ, പ്രതീക്ഷയോടെ കാത്തിരിയ്ക്കുകയാണ് ...നിന്‍റെ വിളിയ്ക്കായി......
പക്ഷെ അതുപിടയ്ക്കുകയോ ശബ്ദിയ്ക്കുകയോ ചെയ്യാതെ വെറുതെ എന്‍റെ കരളു കത്തിച്ചു കൊണ്ടിരിക്കുകയാണ്.....
നീ എന്നെ പറ്റി ഓര്‍ക്കാറെ ഇല്ലെ പൊന്നെ?
ഞാന്‍ നിന്നെ അത്രയ്ക്ക് വേദനിപ്പിച്ചിട്ടുണ്ടോ?

നീ എന്റെ മനസെന്നറിയും?

നീ എന്നെ കണ്ണാ എന്നല്ലേ വിളിയ്ക്കാറുണ്ടായിരുന്നത്‌?
നിന്റെ കണ്ണാ എന്ന വിളിയില്‍ ഞാന്‍ നിന്നിലെ രാധയെ കാണുമായിരുന്നു...
നീ ഇപ്പോള്‍ അകല്‍ച്ചയുടെ മൂടുപടം ആണിഞ്ഞിരിയ്ക്കുന്നു....
ആ കണ്ണാ വിളി നീ മറന്നിരിയ്കുന്നു......
കണ്ണാ..... കണ്ണാ..... കണ്ണാ.....
ആ വിളികള്‍ക്ക് ഞാന്‍ കാതോര്‍തിരിയ്കുന്നു

അതു നീ തന്നെയാണെന്നെനിയ്ക്കറിയാം

എന്റെ കണ്ണുകള്‍ കെട്ടി ഹൃദയത്തിനിടിച്ചാലും
എനിയ്ക്കറിയാം അതു നീയാണെന്ന്
എന്തെന്നാല്‍ ..
നിനക്കു മാത്രമേ എന്റെ ഹൃദയത്തെ വേദനിപിക്കാനാകൂ

Thursday, April 8, 2010

എന്താണ് യഥാര്‍ത്ഥ പ്രണയം?

നമുക്ക് കിട്ടേണ്ടതെല്ലാം കിട്ടിക്കഴിഞ്ഞെന്നു തോന്നുകയും
നമുക്ക് തിരിച്ചു നല്‍കാന്‍ ഏറെയുണ്ടെന്നു മനസ്സ് മന്ത്രിക്കുകയും ചെയ്യുന്നോ?
എന്നാല്‍ അത് തന്നെ യഥാര്‍ത്ഥ പ്രണയം......

നീ എന്റെ മനസ്സുകാട്ടുന്ന കണ്ണാടി

ഞാന്‍ ജീവിതത്തില്‍ പല കണ്ണാടികളിലും എന്നെ നോക്കിയിട്ടുണ്ട്
അതിലൊന്നിലും ഞാന്‍ എന്നെ കണ്ടിട്ടില്ല
ഞാന്‍ നിന്നെ നോക്കിയപ്പോള്‍ എന്റെ മനസ്സു ഞാന്‍ കണ്ടു
നീ തന്നെ എന്റെ കണ്ണാടി!
അതുടയ്ക്കാതെ ഞാന്‍ കാത്ത് വെയ്ക്കും ...എന്നും.... എന്നെന്നും

Wednesday, April 7, 2010

നിഴലില്‍ വെളിച്ചം തിരഞ്ഞവര്‍

വാക്കുകള്‍ പോലും വിലയ്ക്ക് വാങ്ങാന്‍ കഴിയുന്ന ഈ കാലത്ത് ഞാന്‍ എഴുതുന്ന
വരികള്‍ക്ക്‌ എത്രമാത്രം പ്രസക്തിയുണ്ടെന്ന് എനിക്കറിയില്ല!!ഹൃദയത്തിന് സ്പന്ദിയ്കുകയും രക്തത്തെ ശരീരത്തിന്‍ പലയിടങ്ങളിലെത്തിയ്ക്ക് എത്തിയ്ക്കുകയും ചെയ്യുകയെന്ന ജീവശാസ്ത്രപരമായ കര്‍മ്മം മാത്രമേ ആനുഷ്ടിക്കുവാണുള്ളൂവെന്നു സ്വയം വിശ്വസിപ്പിച്ചെടുത്തിരുന്ന കാലത്താണു നിന്നെ ഞാന്‍ കണ്ടുമുട്ടിയത്‌
സാഹചര്യങ്ങള്‍ക്കനുസരിച്ച്‌ മനസ്സു പാകപ്പെടുത്തി,തങ്ങളെ സ്നേഹിച്ചവര്‍ക്കും വികാര വിചാരങ്ങളുണ്ടെന്നു കണക്കിലാക്കാതെ വ്യക്തികളാല്‍ വൈകാരിക അനാഥത്വത്തിലേയ്ക്കുഎടുത്തെറിയപ്പെട്ടവരായിരുന്നില്ലേ നമ്മള്‍ ?നമ്മള്‍ ജീവനുതുല്യം സ്നേഹിച്ചിരുന്നവരും നമ്മളെ ജീവനുതുല്യം സ്നേഹിച്ചിരുന്നുവെന്നു നമ്മള്‍ കരുതിയിരുന്ന വ്യക്തി ഉപേക്ഷിച്ചുപോയപ്പോള്‍ സ്വയം വെറുപ്പു തോന്നിയില്ലേ?
അനശ്വരപ്രേമമെന്നും യഥാര്‍ത്ഥ പ്രണയമെന്നും കൊട്ടിഘോഷിക്കുന്നതുമായ ഒന്ന് ഈ ലോകത്തില്‍ നിലകൊള്ളുന്നില്ലെന്ന് നാം അന്ന് വിശ്വസിച്ചിരുന്നില്ലേ?
ദൈവത്തിനു മാത്രം തിരിച്ചറിയുന്ന ഒരു രസതന്ത്രമല്ലേ നമ്മളെ തമ്മില്‍ കൂട്ടിയിണക്കിയത്?ഒരു വലിയ ഭൂപ്രദേശത്തിന്റെ രണ്ടു കോണ്കളിലിരുന്ന നമ്മള്‍ ആത്മാര്‍ത്ഥ പ്രണയത്തിലേയ്ക്ക് ഊര്‍ന്നിറങ്ങിയവരല്ലേ?
എന്നിട്ടും നീ എന്തു കൊണ്ടെന്നെ മനസ്സിലാക്കാതെ പോയീ?
ഈ നിഴല്‍ നിറഞ്ഞ വഴിയിലും പ്രതീക്ഷയുടെ വെളിച്ചം ഞാന്‍ തേടുന്നു








Tuesday, April 6, 2010

ഞാന്‍ പറയട്ടെ?

എനിക്കെന്നെപ്പറ്റിയും എനിക്ക്‌ ചുറ്റുമുള്ളവരെപ്പറ്റിയും എഴുതിത്തുടങ്ങണമെന്നു തോന്നിയിട്ട്‌ കുറേ നാളായി,ചിലത് നിങ്ങളെ ഞെട്ടിച്ചേക്കാം,ചിലത് ചിന്തിപ്പിച്ചേക്കാം....വാക്കുകള്‍ക്ക് ചെയ്യാനുള്ള്‌ത് അവയ്ക്ക് വീട്ടുകൊടുത്തുകൊണ്ട്‌ ഞാന്‍ തുടങ്ങുന്നു